ഇനി നമുക്കു വൈദ്യുതി ആരിൽ നിന്നും വാങ്ങാം

ഇനി നമുക്കു വൈദ്യുതി ആരിൽ നിന്നും വാങ്ങാം

Posted on: Tuesday, 07 April 2015

Source Keralakaumudi dated 07/04/2015

Dr D Shinaഇനി മുതൽ നമുക്കു വൈദ്യുതി ആരിൽ നിന്നും വാങ്ങാം. വൈദ്യതിബോർഡിൽ നിന്നു തന്നെ വാങ്ങണമെന്നില്ല. നമ്മുടെ പ്രദേശത്തു പ്രവർത്തിക്കുന്ന ഏതു സപ്ലൈ കമ്പനിയാണൊ വില കുറച്ചു തരുന്നത്, അവരിൽ നിന്നും വാങ്ങാം. അതും വൈദ്യുതിബോർഡിന്റെ ലൈനുകകളിലൂടെ തന്നെ. പാർലമെന്റിന്റെ പരിഗണനയിലുള്ള ഇലക്ട്രിസിറ്റി ആക്ട്  2003 ന്റെഭേദഗതി ബിൽപാസാക്കി നടപ്പിലാക്കുന്നതോടെയാണ് ഈ സ്ഥിതിയുണ്ടാകുന്നത്.elec

ഇതോടെ മത്സരം വഴി വൈദ്യുതിയുടെ വില കുറയുമെന്നാണ് ബിൽ അവതരിപ്പിച്ച മന്ത്രി പീയൂഷ്‌ഗോയലിന്റെമോഹന വാഗ്ദാനം. തീർന്നില്ല  തൽക്കാലം ഈ സൌകര്യം ഒരു മെഗാവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന വൻ കക്ഷികൾക്ക് മാത്രമാണ് നൽകുന്നതെന്ന കാര്യം കൂടി ബില്ലിൽ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോൾ വൈദ്യുത വിതരണം നടത്തുന്ന ഡിസ്ട്രിബ്യൂഷൻ കമ്പനികൾക്ക് പുറമേ സപ്ലൈ കമ്പനികൾ എന്ന പുതിയ ഒരു വിഭാഗത്തിനെ കൂടി സൃഷ്ടിക്കാനാണ് ഭേദഗതി ബില്ലിൽ  വ്യവസ്ഥ ചെയ്തിട്ടുള്ളത് .. ഒരു സ്ഥലത്തു പല കമ്പനികൾ ഉണ്ടാകാം.അവർക്ക് സ്വന്തമായി വൈദ്യുത ലൈനുകൾ ഉണ്ടായിരിക്കില്ല. മറിച്ചു അവർക്ക്  നിലവിലുള്ള  വിതരണ കമ്പനികളുടെ  ലൈനുകളിലൂടെ വൈദ്യുതി കൊണ്ട്‌പോകാം. ഇതിനനുമതി നൽകുന്നത് നിർബന്ധിതമാക്കിയിട്ടുണ്ട്. ഇതുൾപ്പെടെ ആക്ടിൽ   കാതലായ മാറ്റങ്ങൾ വരുത്തുന്ന  ബില്ലാണു പാർലമെന്റിന്റെ പരിഗണനയിലുള്ളത്.shiakau - Copy (3)

രാജ്യത്തെ വൻകിട വ്യവസായികൾ ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കി വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ആവേഗം വർധിപ്പിക്കുന്ന നടപടിയായിട്ടാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. വൻകിട വ്യവസായികളുടെ ഈ അഭിപ്രായങ്ങൾ  ബില്ലിനെ സംബന്ധിച്ച പൊതുജനത്തിന്റെ അഭിപ്രായമായി വൻകിട മാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ട്.

എന്നാൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം മറിച്ചാണ്. വൈദ്യുതമേഖലയുടെ സ്വകാര്യവൽക്കരണശ്രമങ്ങൾക്ക് ശക്തി പകരുക മാത്രമാണു ബില്ലിന്റെ ലക്ഷ്യമെന്നാണ് അവരുടെ അഭിപ്രായം.ഇപ്പോൾ  വൈദുത ലൈനുകളുടെ ഉടമസ്ഥതയുള്ള പൊതുമേഖലാ കമ്പനികളുടെ തകർച്ചക്കു പുതിയ പരിഷ്‌കാരങ്ങൾ കാരണമാകുമെന്ന് അവർ പറയുന്നു. രാജ്യത്ത് ഉപഭോക്താകളുടെ ശക്തമായ സംഘടനകൾ നിലവിലില്ലാത്തതിനാൽ സാധാരണ ഉപഭോക്താക്കളുടെ അഭിപ്രായം ശ്രദ്ധിക്കപ്പെടുന്നില്ല.

രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം അടിസ്ഥാന രഹിതമാണെന്ന് പറയാൻ കഴിയില്ല. വൈദ്യുതി ഒരു അത്യാവശ്യവസ്തുവായതിനാൽ മത്സരം വഴി വില കുറയുമെന്നത് വെറും വ്യാമോഹമാണെന്നതാണു നമ്മുടെ അനുഭവം. രാജ്യത്തു വൈദ്യതിയുടെ കടുത്ത ക്ഷാമം നിലവിലുണ്ട്. ആവശ്യത്തിനേക്കാൾ ലഭ്യത കുറവായ അവസ്ഥയിൽ സ്വതന്ത്ര മത്സരം വന്നാൽ വിലക്കയറ്റം ഉണ്ടാകുമെന്നത് സാമ്പത്തിക ശാസ്ത്രത്തിലെ ബാലപാഠമാണ് . പ്രത്യേകിച്ചു ഒരു   അത്യാവശ്യവസ്തുവിന്റെ കാര്യമാണെങ്കിൽ വിലക്കയറ്റം രൂക്ഷമായിരിക്കും.

ബിൽ അവതരിപ്പിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൌകര്യമായ വൈദ്യുതി രംഗത്തെ സാരമായി ബാധിക്കുന്ന പരിഷ്‌കാരങ്ങളെപ്പറ്റി കാര്യമായ ചർച്ചകൾ പാർലമെന്റിനു പുറത്തു ഉരുത്തിരിയുന്നില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. ഇടയ്ക്കിടെ ഊർജ മന്ത്രി നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഇതിനെപ്പറ്റി ഉയർന്നു വന്നിട്ടുള്ള നാമമാത്രമായ എതിർപ്പുകളും സർക്കാർ കണക്കിലെടുക്കുന്നില്ലെന്നാണ്.

ബിൽ ഇപ്പോൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണയിലാണ്.കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളുമായും കമ്മിറ്റി ഇതേപ്പറ്റി  കഴിഞ്ഞയാഴ്ച്ചകളിൽ ചർച്ച ചെയ്തു കഴിഞ്ഞു.കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും വൈദ്യുതിയും ലൈനുംവേർപെടുത്തുകയെന്ന ബില്ലിലെ പ്രധാന വ്യവസ്ഥയെ എതിർത്തതായാണ്   റി പ്പോർട്ട്. ഇന്നത്തെ നിലയിൽ ഈ എതിർപ്പുകൾ കണക്കിലെടുക്കാനുള്ള സാദ്ധ്യതയും  കുറവാണ്

വൈദ്യുത ലൈനുകളുടെ ഉടമസ്ഥതയും വൈദ്യത വിതരണത്തിന്റെ ചുമതലയും രണ്ടു കമ്പനിയിലായിരിക്കുന്നതു ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പുറമെ. ഏകോപനത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ നമ്മുടെ തെരുവു വിളക്കുകളുടെ കാര്യമെടുത്താൽ മതി.
ഉത്പാദന ച്ചെലവിൽ വലിയ വ്യത്യാസമുള്ള വൈദ്യുതോല്പ്പാദന മാർഗങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്ന ഇന്നത്തെ അവസ്ഥയിൽ സ്വതന്ത്ര മത്സരത്തിന്റെ തിയറി എങ്ങനെ നടപ്പിലാകുമെന്ന് മനസ്സിലാകുന്നില്ല.
വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കുവാൻ ബില്ലിലെ വ്യവസ്ഥകൾ സഹായകരമാകുമെന്ന മന്ത്രിയുടെ അവകാശവാദവും എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല.

കേരളത്തിന്റെ കാര്യത്തിൽ ബില്ലിലെ വ്യവസ്ഥകൾ കടുത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. പുതിയ കമ്പനികൾ ഉണ്ടാകുകയാണെങ്കിൽ അവ ലാഭകരമായമേഖലകളിൽ മാത്രം പ്രവർത്തിക്കാൻ ശ്രമിക്കും. അതു  ലാഭകരമായമേഖലകളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് സാധാരണ ഉപഭോക്താക്കളുടെ ഭാരം കുറക്കാൻ ശ്രമിക്കുന്ന വൈദ്യുതിബോർഡിനെ കടുത്ത പ്രതിസന്ധിയിലേക്കോ നാശത്തിലേക്കൊ നയിക്കും. ഗാർഹിക ഉപഭോക്താക്കളുടെ കറന്റ് ചാർജിൽ കടുത്ത വർധനയ്ക്കും ഇതു വഴി തെളിക്കും

കേരളത്തിലും  ഈ ബിൽ അധികംശ്രദ്ധിക്കപ്പെട്ടതായിതോന്നുന്നില്ല. വൈദ്യുതിബോർഡിലെ ഒന്നോ രണ്ടോ യൂണിയൻനേതാക്കൾ മാത്രമാണു ഇതുവരെയും എന്തെങ്കിലും അഭിപ്രായം പറഞ്ഞതായിക്കാണുന്നതു. രാജ്യത്തിന്റെ വികസനത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒരു അടിസ്ഥാന സൌകര്യമായ വൈദ്യുതിയുടെ കാര്യത്തിലുള്ള വലിയ പരിഷ്‌കാരങ്ങളെ  രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിസ്സംഗതയോടെ നോക്കിക്കാണുന്നത് ആശങ്കാജനകമാണ്. ഇത്തവണത്തെ കേരള ബജറ്റിലും പുതിയ സാഹചര്യങ്ങൾ നേരിടാനുള്ള നിർദ്ദേശങ്ങളൊന്നുമില്ല

വൈദുത സിസ്റ്റത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കൂടിയ റിസർവ് നിർബ്ബന്ധിതമാക്കുന്നതും അതു നടപ്പിലാക്കാൻ വലിയ പെനാൽറ്റി ഏർപ്പെടുത്തുന്നതും മറ്റും കടുത്ത വൈദ്യതി ക്ഷാമമുള്ള ഇന്നത്തെ അവസ്ഥയിൽ കൂടുതൽ ബുദ്ധി മുട്ടുകൾ ഉണ്ടാക്കാനേ ഉതകൂ. എന്തായാലും പുതിയഭേദഗതികൾ നടപ്പാകുന്നതിനു മുൻപ് വിശദമായ ചർച്ചകൾക്ക് വിധേയമാക്കുന്നതാണ് നല്ലതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭി പ്രായം.
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വൈദ്യുതിയെ സംബധിച്ച് ഉൾപ്പെടുത്തിയിട്ടുള്ള  നിർദേശങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഊർജ ക്ഷാമം പരിഹരിക്കാൻ 20,000 മെഗാ വാട്ടിന്റെ പുതിയ കൽക്കരി നിലയങ്ങൾ ആരംഭിക്കുന്നത് പൂർണമായും സ്വകാര്യമേഖലയിലാണ്. ഇതിനാവശ്യമായ എല്ലാ ക്ലിയറൻസുകളും മുതലാളിമാരുടെ കാൽക്കൽ എത്തിച്ചോളാമെന്നു സർക്കാർ ഉറപ്പു നൽകുന്നു.. plug and play എന്നാണ് ഇതിന്റെ ഓമനപ്പേര്. വൻതോതിൽ കൽക്കരി നിലയങ്ങൾ വരുമ്പോൾ  ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരമായി  ഓരോ യൂണിറ്റു വൈദ്യുതിക്കും 10 പൈസ വരെ വില വർധന ഉണ്ടാക്കുന്ന അധിക സെസ് കൽക്കരിയിൽ ചുമത്തി 10,000കോടി രൂപയെങ്കിലും  സർക്കാർ ഉണ്ടാക്കുമെന്നും ബജറ്റിലുണ്ട്. പാരമ്പര്യേതര വൈദ്യുതിയുടെ  ടാർജറ്റ് 1.75,000 മെഗാ വാട്ടായി ഉയർത്തി  ബജറ്റിനു ഹരിത നിറം നല്കാനും ജയ് റ്റ് ലി  ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇതെങ്ങിനെനേടുമെന്ന് ബജറ്റിൽ കമാന്നൊരക്ഷരം ഇല്ലെന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഈ  ഡിസംബറിൽ  പാരീസിൽ നടക്കുന്ന ഹരിത ഉച്ചകോടിയിൽ കയ്യടി വാങ്ങാമെന്നതു മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും അവർ പറയുന്നു.
(കൊല്ലം എസ്. എൻ.കോളേജിൽ നിന്നും റിട്ടയർ ചെയ്ത ലേഖിക ഇപ്പോൾ കൊല്ലം എസ്. എൻ. ലാ. കോളേജിൽ കൊമേഴ്സ് പ്രൊഫസറാണ്,  drdshina@gmail.com)

Leave a comment